അബ്ദുള്ളക്കുട്ടിയുടെ പരാതി അറിഞ്ഞത് രാവിലെ, ഹോട്ടലില്‍ വെച്ച് ബിജെപി നേതാവിനെ അപമാനിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല; എപി അബ്ദുള്ളക്കുട്ടിയുടെ വാദത്തെ തള്ളി ഹോട്ടല്‍ ഉടമ രംഗത്ത്

തിരുവനന്തപുരം; ഹോട്ടലില്‍ വെച്ച് ചിലര്‍ തന്നെ അപമാനിച്ചുവെന്ന ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയുടെ വാദത്തെ തള്ളി ഹോട്ടല്‍ ഉടമ രംഗത്തെത്തി. അബ്ദുള്ളക്കുട്ടിക്കെതിരെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ ഷക്കീര്‍ പറഞ്ഞു.

ഒരു പ്രമുഖ ചാനലിനോടായിരുന്നു ഹോട്ടല്‍ ഉടമയുടെ പ്രതികരണം. വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നാണ് അബ്ദള്ളക്കുട്ടി പറഞ്ഞത്. എന്നാല്‍ ബിജെപി നേതാവ് പറഞ്ഞത് കള്ളമാണെന്ന് ഹോട്ടല്‍ ഉടമ വ്യക്തമാക്കി.

ഹോട്ടലില്‍ അകത്ത് വെച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ അപമാനിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല. ഹോട്ടലിന് പുറത്തും അത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്നും അബ്ദുള്ളക്കുട്ടിയുടെ പരാതി അറിഞ്ഞത് രാവിലെ മാത്രമെന്നും ഷക്കീര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ച് രാത്രിയോടെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായതെന്നാണ് ബിജെപി ആരോപിക്കുന്നത്. പൊന്നാനിയില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് കയറിയപ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെയായിരുന്നു അവിടുന്ന് ഇറങ്ങിയ തന്റെ വണ്ടിയുടെ പുറകില്‍ ലോറി കൊണ്ട് ഇടിച്ചത് എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്.

Exit mobile version