ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ആന്‍ഡമാന്‍ കടലിന് സമീപത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത ഇരുപത്തിനാല് മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഏതാനും ദിവസം കൂടി മഴ തുടരും.
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. സാധാരണ 15-ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുകയും പിന്നാലെ തുലാമഴ എത്തുകയുമാണ് പതിവ്.
എന്നാല്‍ പുതിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തുലാമഴ എത്താന്‍ 20-ാം തീയതി കഴിയുമെന്നാണ് പുതിയ നിഗമനം. കഴിഞ്ഞ വര്ഷവും കാലവര്‍ഷം പിന്‍വാങ്ങുന്നത് വൈകിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തില്‍ പല ജില്ലകളിലും അതിശക്തമായ മഴയാണ് പെയ്തത്.
Discussion about this post