തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിളപ്പില്‍ശാല ഗ്രേഡ് എസ്ഐ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന് ആണ് മരിച്ചത്. 53 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും മൂലം വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. രാധാകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തില്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കള്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
ഗ്രേഡ് എസ്ഐ ആയി പ്രൊമോഷന് കിട്ടിയ രാധാകൃഷ്ണന് വിളപ്പിന് ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറി എത്തിയത് മുതല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹോദരന് വിനോദന്‍ പറഞ്ഞത്. മാനസിക സംഘര്‍ഷത്തിന്റെ കാരണക്കാരനായി ബന്ധുക്കള്‍ വിരല്‍ ചൂണ്ടുന്നത് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സജിമോന്റെ നേരെയാണ്. എന്നാല്‍ ബന്ധുക്കളുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ഇന്‍സ്പെക്ടര്‍ സജിമോന്‍. രാധാകൃഷ്ണനെതിരെ ഇതുവരെ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നുമാണ് സജിമോന്‍ പ്രതികരിച്ചത്.
Discussion about this post