കൊച്ചി: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനിൽ കുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വിഎസ് സുനിൽ കുമാർ കഴിഞ്ഞദിവസം കൊവിഡ് മുക്തനായിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് ചികിത്സ തേടിയതെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രി വിഎസ് സുനിൽ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ ശനിയാഴ്ച കോവിഡ് മുക്തനായതിനെ തുടർന്ന് ഞാൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. എന്നാൽ, കോവിഡിനു ശേഷമുള്ള ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് അതിന്റെ ഭാഗമായുള്ള പരിശോധനകൾ നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വീണ്ടും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല.
കോവിഡ് നെഗറ്റീവായാലും ചില ആരോഗ്യ പ്രശ്‌നങ്ങൾ പലർക്കും ഉണ്ടാകുന്നുണ്ട്. അതിന്റെ ഭാഗമായാണ് എനിക്കും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു ദിവസത്തിനകം ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post