കൊച്ചി: വിദേശമലയാളിയിൽ നിന്ന് പതിനൊന്നര കോടി രൂപ തട്ടിയെടുത്ത ഹോട്ടൽ ഉടമയെ പോലീസ് കൊച്ചിയിൽ നിന്നും പിടികൂടി. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടൽ ഉടമ സി കെ വിജയനാണ് പിടിയിലായത്. ദുബായിയിലെ വ്യവസായിയെയും ഭാര്യയെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഹോട്ടലിൽ നിക്ഷേപമെന്ന പേരിലായിരുന്നു ഇയാൾ പണം വാങ്ങിയത്.
എറണാകുളം മരട് പോലീസാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പിറവം സ്വദേശിയായ സികെ വിജയനെ പിടികൂടിയത്. വൈറ്റിലയിലെ വെഞ്ച്യൂറ ഹോട്ടലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് തട്ടിപ്പായി വഴിമാറിയതും അറസ്റ്റിലേക്ക് എത്തിയതും. ഹോട്ടൽ നിർമ്മാണത്തിന് നിക്ഷേപം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശിയായ എൻആർഐ വ്യവസായിയെ സികെ വിജയൻ സമീപിച്ചാണ് പണം തട്ടിയെടുത്തത്.
4 സ്റ്റാർ പദവിയുള്ള ഹോട്ടൽ നിർമ്മിക്കാൻ 4 കോടി രൂപ നിക്ഷേപമായി വേണമെന്ന് ആവശ്യപ്പെട്ടാണ് 2018 ഒക്ടോബറിൽ പ്രവാസി വ്യവസായിയെ വിജയൻ സമീപിച്ചത്. എന്നാൽ അദ്ദേഹം, അത് ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് പണം നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. പല തവണയായി സി കെ വിജയൻ പതിനൊന്നര കോടി രൂപ വാങ്ങിയെടുത്തു. എന്നാൽ അതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളൊന്നും വെഞ്ച്യൂറ ഹോട്ടലിൽ നടത്തിയതുമില്ല.
പിന്നീട് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ പ്രവാസി വ്യവസായി പണം തിരികെ ചോദിച്ചു. പണം തിരികെ നൽകാനും സികെ വിജയൻ തയ്യാറായില്ല. ഇതോടെ പരാതിയുമായി എറണാകുളം സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. കേസിൽ സികെ വിജയൻറെ ഭാര്യ ശാലിനി വിജയൻ, സഹോദരന്റെ ഭാര്യ സൈറ തമ്പി കൃഷ്ണൻ എന്നിവരും പ്രതികളാണ്. ഹോട്ടലിന്റെ ഡയറക്ടർമാരാണ് ഇരുവരും.
Discussion about this post