കോഴിക്കോട്: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ പരാമർശത്തെ പരിഹസിച്ച് പരോക്ഷ സ്ത്രീവിരുദ്ധ തമാശ പങ്കുവെച്ച അഡ്വ. ശ്രീജിത്ത് പണിക്കർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവ് രംഗത്ത്. ശ്രീജിത് പണിക്കർക്ക് ആരാധക ബാഹുല്യം കൂടുതലുള്ളതുകൊണ്ട് പ്രത്യക്ഷത്തിൽ നിർദോഷമെന്ന് തോന്നുന്ന സ്ത്രീവിരുദ്ധ തമാശകൾ ആഘോഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ചിന്തയെ പിന്തുണച്ചുകൊണ്ട് വാർഡ് കൗൺസിലർ കൂടിയായ ഉഷാ ദേവി പറഞ്ഞു.
സ്ത്രീപക്ഷ ചിന്തകളുടെ താത്വിക വ്യാപ്തിയും സാധ്യതയും അറിയില്ലെങ്കിലും സ്ത്രീസമൂഹത്തിന്റെ യാഥാർത്ഥ്യവും ദുരവസ്ഥയും ഒരു സാമൂഹിക നിരീക്ഷകന് അറിഞ്ഞിരിക്കണ്ടേ എന്നും ശ്രീജിത്ത് പണിക്കരോട് ഫേസ്ബുക്കിലൂടെ ഉഷാ ദേവി ചോദിച്ചു.
അലിഞ്ഞ് ഇല്ലാതാവുന്ന സോപ്പിനും എരിഞ്ഞ് ഇല്ലാതാവുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലെ എന്നായിരുന്നു ചിന്താ ജെറോം ഒരു പരിപാടിക്കിടയിൽ ചോദിച്ചതിനെ പരിഹസിച്ചാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന സോപ്പിനും എരിഞ്ഞെരിഞ്ഞ് ഇല്ലാതാകുന്ന ചന്ദനത്തിരിക്കും പെണ്ണിന്റെ പേരല്ലേയെന്ന് ചിന്താ ജെറോം. സത്യമാണ്. ഞാനിതാ ചില പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നു.
‘പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണമുണ്ട്. ഗംഗാധരൻ ശുദ്ധ അഗർബത്തികൾ.
പുഷ്ക്കരൻ സോപ്പിൻ നറുമണം, പ്രകൃതിയേകിടും ഗുണം.
വന്നല്ലോ വന്നല്ലോ വർഗീസു വന്നല്ലോ വസ്ത്രവർണ്ണങ്ങൾക്കു ശോഭ കൂട്ടാൻ.
മധുരസ്വപ്നങ്ങളേകും ദാമോദരൻ. എല്ലാർക്കും ചേരും ദാമോദരൻ.
വാഷിങ് പൗഡർ മൊയ്തീൻ, വാഷിങ് പൗഡർ മൊയ്തീൻ,’ എന്നായിരുന്നു ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ എഴുതിയത്.
ആളുകൾക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നും പോലെ ഉപയോഗിക്കാനും പറ്റുന്ന തോന്നലിന്റെ പൊതുബോധത്തിലാണ് ഇത്തരം തമാശകൾ ഉണ്ടാകുന്നത്. പെണ്ണ് ദുർബലവും പുരുഷന് കീഴ്പ്പെടേണ്ടവളാണെന്നുമുള്ള ആൺബോധത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ഇത്തരം പരിഹാസങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും ഉഷാ ദേവി പറഞ്ഞു.
‘നിങ്ങൾക്ക് പരിഹസിക്കാനും പുച്ഛിക്കാനും തോന്നുംപോലെ ഉപയോഗിക്കാനും പറ്റുന്ന ഒരു സാധനമാണ് സ്ത്രീയെന്ന പൊതുബോധത്തിൽ നിന്നാണ് ഇത്തരം തമാശകൾ ഉണ്ടാകുന്നത്, ചിന്താ ജെറോമിന്റെ വാക്കുകളെ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി ട്രോളുന്നവർ അറിയാനായി പറയുകയാണ് പെണ്ണ് ദുർബലയും പുരുഷന് കീഴ്പ്പെടേണ്ടവളാണെന്നുമുള്ള ആൺബോധത്തിന് പുതിയ കാലത്തും മാറ്റം വന്നിട്ടില്ലെന്നതാണ് നിങ്ങളുടെ പരിഹാസത്തിൽ നിറയുന്നത്. ശക്തിയും തന്റേടവും ആണത്തമായും നാണവും വിനയവും അനുസരണയും പെൺമയായും കരുതുന്ന പുരുഷ കേരികൾക്ക് ചിന്താജെറോം പറഞ്ഞത് തമാശയായി തോന്നും, പക്ഷെ എനിക്കത് നേരായേ തോന്നിയിട്ടുള്ളു,’ ഉഷാ ദേവി പറഞ്ഞു.
Discussion about this post