കൊച്ചി: കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമുള്ള തന്റെ കുടുംബാംഗത്തിന്റെ ചിത്രം മോശം കമന്റുകളിട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍. തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സ്മിത മേനോന്‍ പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫോട്ടോ പോലും ആരും കാണാത്തതും ഒളിപ്പിച്ചു വച്ചിട്ടുള്ളതുമല്ല. എല്ലാം തന്റെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുള്ളവയാണെന്നും അതെടുത്ത് മോശമായി പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ പലരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും സ്മിത പറഞ്ഞു.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പങ്കെടുത്ത ഒരു രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയും സമൂഹമാധ്യമത്തിലെ പ്രോഫൈലില്‍ നിന്ന് എടുത്ത് പ്രചരിപ്പിക്കുകയാണ്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ (ഐഒആര്എ) പരിപാടിയുടെ സമാപന ദിവസം താന്‍ പത്രക്കുറിപ്പ് തയ്യാറാക്കി അനുമതി വാങ്ങുന്നതിന് ഇരിക്കുമ്പോഴുള്ള ഫോട്ടോകളാണ് അതെന്ന് സ്മിത കൂട്ടിച്ചേര്‍ത്തു.
ആ പരിപാടി നടക്കുന്നത് അറിഞ്ഞ് അങ്ങോട്ടു ചോദിച്ചു സ്വന്തം പണം മുടക്കി ടിക്കറ്റെടുത്തു പോയ പരിപാടിയാണത്. ഒരു രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടു ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്നാണ് കരുതിയതെന്നും മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം എടുത്ത് 2007 മുതല്‍ കൊച്ചിയില്‍ പിആര്‍ ഏജന്‍സി നടത്തുന്ന ആള്‍ എന്ന നിലയിലായിരുന്നു ഇതെന്നും സ്മിത പറഞ്ഞു.
ഗള്‍ഫ് ന്യൂസ്, റോയിട്ടേഴ്‌സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും അവിടെ ഉണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള പ്രമുഖ ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട്് ചെയ്തിരുന്നു. സഹോദരനും ഭാര്യയും ദുബായിലുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ അവര്‍ക്കൊപ്പമാണ് താമസിച്ചത്. സര്‍ക്കാരിന് ഒരു ചെലവും വരുത്തിയിട്ടില്ലെന്നും ഈ യാത്രയാണ് ഇപ്പോള്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നതെന്നും സ്മിത മേനോന്‍ പറഞ്ഞു.
അന്നെടുത്ത ചിത്രങ്ങളും പണ്ടു മുതല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ചിലര് രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതാണ് കാണുന്നത്. കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് മാനസികമായി ഏറെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും ഫോട്ടോകളില്‍ ഒപ്പം നില്ക്കുന്നവരുടെ ചിത്രങ്ങള്‍ വെട്ടിക്കളഞ്ഞ ശേഷമാണ് ഇത് ചെയ്യുന്നതെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.
Discussion about this post