എടപ്പാള്‍: കോടികളുടെ സ്വത്തുണ്ടായിട്ടും ദരിദ്രജീവിതം നയിച്ച് യുവതിയും അമ്മയുടെ വയോധികയായ സഹോദരിയും. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പട്ടാമ്പി റോഡിലാണ് യുവതിയും വയോധികയും താമസിക്കുന്നത്. ഒരു ഓട്ടോഡ്രൈവറാണ് കൊടുപട്ടിണിയിലായ ഇവരുടെ വിവരം അധികൃതരെ അറിയിച്ചത്.
മാതാവ് മരിച്ചതോടെയാണ് യുവതിക്ക് കൂട്ടായി വയോധിക എത്തിയത്. കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ജയനെ വിളിച്ച് 20 രൂപ നല്‍കി അരിയും സാധനങ്ങളും വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ ദുരിതം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ അവസ്ഥയില്‍ ഭക്ഷണമില്ലാതെ അവശനിലയിലായ ഇവരുടെ ദുരിതം വാര്‍ത്തയായിരുന്നു. അന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും ഉള്‍പ്പെടെ ഇടപെട്ട് യുവതിക്ക് ചികിത്സ നല്‍കി. 2 മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ശാരീരിക നില മെച്ചപ്പെട്ടപ്പോള്‍ കോഴിക്കോട്ടെ ബന്ധു ഇവരെ ഏറ്റെടുക്കുകയായിരുന്നു.
വൈകാതെ എടപ്പാളിലെ വീട്ടില്‍ത്തന്നെ എത്തി. ചില വ്യക്തികളാണ് അരിയും മറ്റു ഭക്ഷണ സാധനങ്ങളും മരുന്നും എത്തിച്ചു നല്‍കിയിരുന്നത്. ജയന്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് ചങ്ങരംകുളം എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പ്രബേഷന്‍ എസ്‌ഐ ടി.സി.അനുരാജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍ ചോലക്കല്‍, ഷിജുമോന്‍ എന്നിവര്‍ അരിയും പലവ്യഞ്ജനങ്ങളും മരുന്നും പണവും എത്തിച്ചു നല്‍കി.
എല്ലാ മാസവും ഇവ എത്തിക്കാനാണ് ഇവരുടെ തീരുമാനം. ഇവര്‍ക്ക് ചികിത്സയും ആവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post