മഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഞ്ചേരി മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചു. വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ മാര്‍ക്കറ്റിലെ 70 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഉള്‍പ്പെടെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മാര്‍ക്കറ്റിലെ മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു.
അതേസമയം മാര്‍ക്കറ്റിലെ ചില വ്യാപാരികള്‍ രോഗലക്ഷണമുണ്ടായിട്ടും വിവരമറിയിക്കാതെ മറച്ചുവെച്ചുവെന്നും ആക്ഷേപമുയരുന്നുണ്ട്. ഇത് വലിയ തോതില്‍ സമ്പര്‍ക്കത്തിനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. മാര്‍ക്കറ്റിലെ പച്ചക്കറികളുള്‍പ്പെടെയുള്ള സാധനങ്ങള്‍ വ്യാപാരികള്‍ മറ്റിടങ്ങളിലേക്കും വീടുകളിലേക്കുമായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ വന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post