കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. ഗതാഗത തടസ്സമുണ്ടാവാതിരിക്കാന്‍ ഇന്നലെ രാത്രി ഒന്നരയോടെയാണ് ആദ്യത്തെ ഗര്‍ഡര്‍ പൊളിച്ച് മാറ്റിയത്. പാലം പുനര്‍ നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടമാണിത്.
രണ്ടര മണിക്കൂറോളം സമയമെടുത്താണ് 35 ടണ്‍ ഭാരമുള്ള ഒരു ഗര്‍ഡര്‍ മുറിച്ച് മാറ്റിയത്. രണ്ട് തൂണുകള്‍ക്കിടയില്‍ വിലങ്ങനെ ഇത്തരം 6 ഗര്‍ഡറുകളുണ്ട്. ആകെ 102 ഗര്‍ഡറുകളാണ് ഉള്ളത്.
പൊളിച്ചുമാറ്റുന്ന ഗര്‍ഡറുകള്‍ ചെറുതായി മുറിച്ചതിന് ശേഷം ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍ കേന്ദ്രമായുള്ള പള്ളാശ്ശേരി എര്‍ത്ത് മൂവിസ് ആണ് മുറിക്കലിന് കരാര്‍ എടുത്തിട്ടുള്ളത്.
പാലത്തിന്റെ ഗര്‍ഡറുകള്‍ നീക്കുന്നതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും ഉടന്‍ ആരംഭിക്കും. പുതിയ ഗര്‍ഡറുകളുടെ നിര്‍മ്മാണം വൈകാതെ തന്നെ ഡിഎംആര്‍സിയുടെ മുട്ടത്തെ യാര്‍ഡില്‍ ആരംഭിക്കും.