തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 247 അധ്യാപക തസ്തികകളും 521 നഴ്‌സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് തസ്തിക സൃഷ്ടിച്ചത്.
ആരോഗ്യ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പര്‍ ന്യൂമററി (പട്ടികജാതി 20, പട്ടികവര്‍ഗ്ഗം 52) തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. പ്രത്യേക നിയമനത്തിനായി മാറ്റിവെച്ച തസ്തികകളിന്‍മേല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒഴിവുകള്‍ ഇല്ലാത്ത തസ്തികകളില്‍ ധനവകുപ്പിന്റെ അനുമതിയോടെയായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ടെക്‌നിക്കല്‍ അസിസ്റ്റന്റ്/സീറോളജിക്കല്‍ അസിസ്റ്റന്റ് (അനലിസ്റ്റ്) തസ്തികയില്‍ 30 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് കൂടി നിയമിക്കാന്‍ അനുമതി നല്‍കി. കൊവിഡ് കാരണം മുഴുവന്‍ ദിനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണിത്.