പട്ടിണിയും രോഗവും അലട്ടുന്ന അഞ്ചംഗ വയോധിക കുടുംബത്തിന് വീട് ഒരുക്കി നഗരസഭ ജീവനക്കാരുടെ നന്മ; നിലംപൊത്താറായ കൂരയിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക്

നെടുമങ്ങാട്: പ്രായാധിക്യവും പട്ടിണിയും രോഗവും അലട്ടുന്ന അഞ്ചംഗ വയോധിക കുടുംബത്തിന് നഗരസഭാ ജീവനക്കാരുടെ കൈത്താങ്ങ്. പൊളിഞ്ഞുവീഴാറായ ഒറ്റമുറി മൺകൂരയിൽ നിന്നും ഇവർ അടച്ചുറപ്പുള്ള വീട്ടിലേക്ക് പണി തീർന്നാലുടൻ താമസം മാറും. നിർമ്മാണം പൂർത്തിയായി വരുന്ന വീട്ടിൽ ഇനി തറയോടിന്റെയും പെയിന്റിങ്ങിന്റെയും പണിയാണ് ശേഷിക്കുന്നത്. നഗരമധ്യത്തിൽ മൂത്താംകോണം വാർഡിൽ മേലാംകോട് കിഴക്കേവിള തടത്തരികത്തു വീട്ടിൽ സുബ്രഹ്മണ്യൻ പിള്ളയും (69) സഹോദരങ്ങളായ ജയ(67), രാജൻ(64), ബേബി(61), ഗീത (58) എന്നിവരടങ്ങിയ കുടുംബത്തിനുമാണ് വീട് ഒരുങ്ങുന്നത്.

നിലംപൊത്താറായ വീട്ടിലായിരുന്നു അവിവാഹിതരായ ഈ അഞ്ചംഗ കുടുംബത്തിന്റെ താമസം. കൃത്യമായി മരുന്നിനോ ഭക്ഷണത്തിനോ പോലും വഴിയില്ലാതെ രോഗ ബാധിതരായി കഴിയുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെ നേത്യത്വത്തിൽ നഗരസഭാ ജീവനക്കാർ ചേർന്നാണ് വീട് ഒരുക്കുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ ഒന്നിന് സെക്രട്ടറിക്ക് സ്ഥലം മാറ്റം ഉണ്ടായെങ്കിലും ഇദ്ദേഹം മിക്ക ദിവസങ്ങളിലും വീട് പണിയിൽ സഹായിക്കാൻ എത്തുന്നുണ്ട്. പത്ത് ദിവസത്തിനകം ജീവനക്കാർ തന്നെ തറയോടിന്റെയും പെയ്ന്റിങ്ങിന്റെയും പണികൾ സ്വന്തം നിലയിൽ പൂർത്തിയാക്കി ഈ കുടുംബത്തെ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

രണ്ട് മുറികളും ഒരു ചെറിയ ഇടനാഴിയും ബാത്ത് റൂമും അടങ്ങുന്ന വീടാണ് ഇവർക്കായി ഒരുങ്ങുന്നത്. വീട് പണിക്ക് ചെലവ് വരുന്ന രണ്ട് ലക്ഷത്തോളം രൂപയിൽ 90 ശതമാനവും സെക്രട്ടറി അടക്കം നഗരസഭ ജീവനക്കാരുടെ വകയാണ്. ബാക്കി വരുന്ന തുക സാധനങ്ങളും മറ്റുമായി പുറമേ നിന്നുള്ളവരുടെ സഹായത്തോടും കൂടിയാണ് വീട് നിർമ്മാണം.

പട്ടിണിയിൽ കഴിയുന്ന ഈ കുടുംബത്തിന് ഉച്ചയ്ക്ക് ജനകീയ ഹോട്ടലിൽ നിന്നും എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം എത്തിക്കാനും ഇതിനകം ഏർപ്പാടുണ്ടാക്കിയതായി സ്റ്റാലിൻ നാരായണൻ അറിയിച്ചു. പൂർത്തിയായി വരുന്ന വീട് പൂർണ്ണമായും നഗരസഭ ജീവനക്കാരുടെ വകയായിട്ടാണ് ഒരുങ്ങുന്നത്.

Exit mobile version