കോഴിക്കോട്: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന പാളയം മാർക്കറ്റ് ചൊവ്വാഴ്ച തുറന്നതിനിടെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വ്യാപാരികളും പൊതുജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കണമെന്നും കൊവിഡ് നെഗറ്റീവായ കച്ചവടക്കാർക്കും തൊഴിലാളികൾക്കും മാത്രമാണ് വ്യാപാരം നടത്താൻ അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
താപനില പരിശോധിച്ചശേഷമേ ആളുകളെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് മാത്രമേ മാർക്കറ്റ് പ്രവർത്തനം സുഗമമായി നടത്താൻ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ പാളിയാൽ നേരത്തെ മാർക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുക.
ആളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ക്വിക്ക് റെസ്‌പോൺസ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയായിരന്നു മാർക്കറ്റ് അടച്ചത്. തുടർന്ന് ചൊവ്വാഴ്ചയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കടകളിൽ നിന്നുള്ള കച്ചവടം പകൽ 11 മണി വരെ മാത്രമേ അനുവദിക്കൂ. ഉന്തുവണ്ടി കച്ചവടക്കാർക്ക് 11ന് ശേഷം പാളയത്ത് പ്രവേശിക്കാം.
Discussion about this post