തിരുവനന്തപുരം: മണ്ഡല മകര വിളക്ക് ദര്‍ശനത്തിനായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതി സമര്‍പ്പിച്ചു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ ഭക്തര്‍ അപ്ലോഡ് ചെയ്യണം. ഇവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ളവര്‍ അത് കൈയ്യില്‍ കരുതണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തിലാണ് അറിയിച്ചത്.
പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍നം അനുവദിക്കില്ല. മറ്റു കാനനപാതകള്‍ വനുവകുപ്പിന്റെ നേതൃത്വത്തില്‍ അടയ്ക്കും. പത്ത് മുതല്‍ 60 വരെയുള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. 60-65 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ ഗുരുതരമായ രോഗങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. സന്നിധാനത്തും ഗണപതി കോവിലിലും താമസം അനുവദിക്കില്ല. പമ്പയിലെ കുളി അനുവദിക്കില്ല.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും പ്രവേശനം അനുവദിക്കും. മണ്ഡലപൂജയ്ക്കും മകരവിളക്കിനും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച് ശബരിമല ക്ഷേത്രം തന്ത്രിയും അധികാരികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമാസ പൂജയ്ക്കായി നടതുറക്കുന്നത് അഞ്ചില്‍ നിന്ന് പത്ത് ദിവസമാക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post