കൊച്ചി: നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു അന്തരിച്ച ജസ്റ്റിസ് കെകെ ഉഷ. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹാജരായ പ്രണയിതാക്കളെ വിവാഹം കഴിപ്പിച്ചുവിട്ട ന്യായാധിപ എന്ന അപൂര്‍വ ബഹുമതിയുമുണ്ട് ജസ്റ്റിസ് കെ.കെ. ഉഷയ്ക്ക്.
മുമ്പൊരിക്കല്‍ തന്റെ മകളെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു കെകെ ഉഷ അന്ന്. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് അയച്ച് യുവതീയുവാക്കളെ കോടതിയിലേക്ക് വിളിച്ചുവരുത്തി.
രാവിലെ കേസുവിളിച്ചു. ജസ്റ്റിസ് കെ.കെ. ഉഷ ഇരുവരേയും അടുത്തേക്ക് വിളിച്ച് കാര്യം തിരക്കി. രണ്ടുപേരും ഹിന്ദുമതത്തില്പ്പെട്ടവരാണെങ്കിലും രണ്ട് ജാതിയിലായതിനാല്‍ വിവാഹത്തിന് മാതാപിതാക്കള്‍ എതിരായിരുന്നു. ഇരുവരുടെയും സ്നേഹം മനസ്സിലാക്കിയ ജസ്റ്റിസ് കെ.കെ. ഉഷ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും സംസാരിച്ചു.
അവര്‍ വിവാഹത്തിന് ഒരുതരത്തിലും സമ്മതമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് കെ.കെ. ഉഷ പ്രണയിതാക്കളെ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. പാവക്കുളം ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ച് കല്യാണ മാലയും അണിഞ്ഞ് എത്താന്‍ നിര്‍ദേശിച്ച് വിട്ടു.
പാവക്കുളം ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ച് കോടതിയില്‍ മടങ്ങിയെത്തിയപ്പോള്‍ ജസ്റ്റിസ് കെ.കെ. ഉഷ ഇരുവരുടെയും വിവാഹം വിധിന്യായത്തില്‍ രേഖപ്പെടുത്തി മടക്കി അയച്ചു. അന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കായി കോടതിയില്‍ ഹാജരായ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. ചിദംബരേശ് ആണ് ഇക്കാര്യം പങ്കുവെച്ചത്.
Discussion about this post