തൃശ്ശൂർ: സനൂപ് അവസാന നിമിഷവും ഓട്ടപ്പാച്ചിലിലായിരുന്നു, തൃശ്ശൂർ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികൾ ഒന്നു കൂടി ഉറപ്പിക്കാൻ. ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന പൊതിച്ചോറുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴാണ് സനൂപിനെ സംഘപരിവാർ കൊലക്കത്തിക്ക് ഇരയാക്കിയത്. കഴിഞ്ഞദിവസം രാത്രി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തിയ പിയു സനൂപിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അതേ ആശുപത്രിയിൽ തന്നെ സനൂപ് പറഞ്ഞുറപ്പിച്ച ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
ചൊവ്വന്നൂർ പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ മുടങ്ങാതെ വിതരണത്തിന് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളജിലാണ് തിങ്കളാഴ്ച ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ വിതരണം ചെയ്തത്.
സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രമങ്ങളിലായിരുന്നു പിയു സനൂപും സഖാക്കളുമെന്ന് റഹീം പറഞ്ഞു. സനൂപിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തു.
ജീവൻ നഷ്ടപ്പെടുന്നതിനു മണിക്കൂറുകൾ മുൻപും സനൂപ് കർമനിരതനായിരുന്നു. താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ, അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു സനൂപ്. അവർ പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകുമെന്നും റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു.
Discussion about this post