തൃശ്ശൂർ: തലസ്ഥാനത്ത് പ്രഭാത സവാരിക്ക് അച്ഛനോടൊപ്പം പോയ മകനെ പിന്നെ കണ്ടത് തൃശ്ശൂരിലെ വനിതാ പോലീസ് സ്‌റ്റേഷന്റെ മുന്നിൽ. തിരുവനന്തപുരത്ത് നിന്ന് കാണാതായ 15കാരനാണ് ബന്ധുക്കളേയും പോലീസിനേയും ചുറ്റിച്ച് തൃശ്ശൂരിൽ പ്രത്യക്ഷപ്പെട്ടത്.
സംഭവം ഇങ്ങനെ. ഞായറാഴ്ച പ്രഭാത സവാരിക്കായി അച്ഛനോടൊപ്പം ഇറങ്ങിയ മകൻ ഒരു നിബന്ധന വെച്ചു. ‘അച്ഛൻ നടക്കുമ്പോൾ ഞാൻ ഓടും. ഞാൻ നടക്കുമ്പോൾ അച്ഛൻ ഓടണം’. നിബന്ധന അച്ഥന് ഇഷ്ടമായെങ്കിലും ഒടുവിൽ അച്ഛനെ പറ്റിച്ച് മകൻ മുങ്ങുകയായിരുന്നു. മകൻ ഓടി വീട്ടിലെത്തിയെന്നു കരുതി അച്ഛൻ മെല്ലെ നടന്ന് വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യമറിയുന്നത്. തുടർന്ന് പതിനഞ്ചുകാരനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.
തിരുവനന്തപുരത്ത് കുട്ടിയെ തിരഞ്ഞ പോലീസുകാരെ തേടിയെത്തിയത് തൃശ്ശൂർ വനിതാ പോലീസിന്റെ ഫോൺവിളി. തലസ്ഥാനത്തുനിന്ന് ഒരു കുട്ടി തൃശ്ശൂർ വനിതാ പോലീസ് സ്റ്റേഷനിൽ എത്തിയെന്നായിരുന്നു സന്ദേശം. തൃശ്ശൂർ വനിതാ പോലീസ് സ്റ്റേഷന്റെ പടിയിലിരിക്കുന്ന നിലയിലാണ് കുട്ടിയെ പോലീസുകാർ കണ്ടെത്തിയത്. കാര്യം തിരക്കിയപ്പോൾ വീട്ടിലെ പ്രശ്‌നങ്ങൾ കാരണം നാടുവിട്ടതാണെന്നായിരുന്നു പറഞ്ഞത്. ഇവിടെയെത്തിയാൽ സഹായം കിട്ടുമെന്നറിഞ്ഞാണ് എത്തിയതെന്നും പറഞ്ഞു.
ഭക്ഷണം നൽകി സ്റ്റേഷനിലിരുത്തി വീണ്ടും കാര്യങ്ങൾ തിരക്കിയപ്പോഴാണ് മുമ്പ് പറഞ്ഞ പലതും കളവാണെന്ന് മനസ്സിലാക്കിയത്. തിരുവനന്തപുരത്തുനിന്ന് മുങ്ങണമെന്ന് തോന്നി ബസിൽ കയറിയതാണ്. ബസ് തൃശ്ശൂരിലെത്തിയപ്പോൾ ഇറങ്ങി. പോലീസ് സ്റ്റേഷനാണ് അഭയകേന്ദ്രമെന്നറിഞ്ഞ് വനിതാ പോലീസ് സ്റ്റേഷൻ തിരഞ്ഞ് കണ്ടുപിടിച്ചു. ഉച്ചയോടെ വിവരം കിട്ടിയതോടെ കുട്ടിയുടെ വീട്ടുകാർ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് തിരിച്ചു.