താമരശ്ശേരി ചുരം കയറാതെ വയനാട്ടിലെത്താം, വരുന്നു 6.9 കിലോമീറ്റര്‍ തുരങ്കം, സ്വപ്‌ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

കല്‍പ്പറ്റ്: താമരശ്ശേരി ചുരം കയറാതെ ഇനി വയനാട്ടിലെത്താം. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ‘100 ദിവസം 100 പദ്ധതി’ കര്‍മപരിപാടിയുടെ ഭാഗമായാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം.

തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വയനാട് യാത്രയിലെ പ്രധാന കുരുക്കായ താമരശ്ശേരി ചുരം ഒഴിവാക്കാം. 12 കിലോമീറ്റര്‍ ചുരത്തിലെ 9 ഹെയര്‍പിന്‍ വളവുകളില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതു മൂലം ഗതാഗതക്കുരുക്ക് പതിവാണ്.

മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. തുരങ്കപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഇതെല്ലാം പരിഹരിക്കപ്പെടും. 30 വര്‍ഷങ്ങള്‍ക്കപ്പുറത്ത് യാഥാര്‍ഥ്യമാവുമെന്നു പ്രതീക്ഷിക്കുന്ന നിര്‍ദിഷ്ട കൊച്ചി-ബെംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും.

തുരങ്കപാതയായതിനാല്‍ വനമേഖല നശിപ്പിക്കപ്പെടില്ല. കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടി മണ്ഡലത്തിലെ മറിപ്പുഴയില്‍ നിന്നും ആരംഭിച്ച് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കള്ളാടിക്കു സമീപം അവസാനിക്കുന്ന വിധത്തിലാണ് തുരങ്കപാത ആസൂത്രണം ചെയ്തിരിക്കുന്നത്.

ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴയിലേക്കും, അവിടെ നിന്ന് പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിലൂടെ സ്വര്‍ഗംകുന്നിലേക്കും എത്തിയശേഷം അവിടെ നിന്ന് കള്ളാടിയിലേക്കാണ് ഏഴു കിലോമീറ്ററോളം വരുന്ന തുരങ്കം നിര്‍മിക്കുക. തുരങ്കപാതയിലെത്തിച്ചേരാനായി കോഴിക്കോട് ജില്ലയില്‍ കുന്നമംഗലത്ത് ദേശീയപാത 766 ല്‍ നിന്ന് നിലവിലുള്ള പൊതുമരാമത്തു വകുപ്പിന്റെ റോഡ് ഉപയോഗപ്പെടുത്തും.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കിഫ്ബിയില്‍ നിന്നും 658 കോടി രൂപ ചെലവഴിച്ച തുരങ്കപാതയുടെ നിര്‍മാണപ്രവൃത്തി, ഇത്തരത്തിലുള്ള വലിയ പ്രൊജക്ടുകള്‍ ചെയ്തു പരിചയമുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിര്‍വഹിക്കുന്നത്.

സാങ്കേതിക പഠനം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റയില്‍വേയുടെ ചുമതലയാണ്. മന്ത്രിമാരായ ജി. സുധാകരന്‍, ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Exit mobile version