കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ വിതരണംചെയ്ത പിപിഇ കിറ്റുകളിൽ ചോരക്കറ കണ്ടെത്തി. നേരത്ത ഉപയോഗിച്ച കിറ്റുകളാവാം എത്തിച്ചതെന്ന സംശയമാണ് ഉയരുന്നത്. ഞായറാഴ്ച രാവിലെ നഴ്സുമാർക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റിൽ ചോരക്കറ കണ്ടെത്തിയത്.
ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയിൽപ്പെട്ടതെങ്കിലും പിന്നീട് പത്തോളം കിറ്റുകളിൽ ചോരക്കറ കണ്ടെത്തി. നേരത്തെ ഉപയോഗിച്ചശേഷം കഴുകി വീണ്ടും പായ്ക്കുചെയ്ത് എത്തിച്ചതാകാനാണ് സാധ്യത.
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ്. എന്നാൽ, കോർപ്പറേഷന് ഇതിൽ ഉത്തരവാദിത്വമില്ലെന്നാണ് പറയുന്നത്.
പായ്ക്കുചെയ്ത പിപിഇ കിറ്റുകൾ തിരുവനന്തപുരത്ത് കേന്ദ്രീകൃത രീതിയിൽ വാങ്ങുകയും അവ വിതരണം ചെയ്യുകയും മാത്രമാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ചെയ്യുന്നത്. അതേസമയം, വിഷയം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ ഗൗരവമായാണ് കാണുന്നത്. ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post