തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. നഗരസഭ ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 30 വരെയാണ് നിയന്ത്രണം. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.
മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതിനാലാണ് രോഗം ബാധിക്കുന്നത് തടയാന്‍ സാധിച്ചതെന്നും പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മേയര്‍ വിശദീകരിച്ചു. കടകളില്‍ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ ലൈസെന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് മടിക്കില്ല, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും തീരുമാനം ആയി എന്നും മേയര്‍ പറഞ്ഞു.
ജില്ലയിലാണ് ഏറ്റവും തീവ്രമായ രീതിയില്‍ കൊവിഡ് വ്യാപനം തുടരുന്നത്. ഇന്നലെ 1049 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 12361 ആയി.
Discussion about this post