ഇരിട്ടി: നുച്ചിയാട് പുഴയിൽ മാതാവിനും മാതൃസഹോദര പുത്രനുമൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് കാണാതായ ഫയാസിന്റെ (13) മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെടുത്തു. വെളളിയാഴ്ചയാണ് ഒഴുക്കിൽപ്പെട്ട് മൂന്നുപേരും മുങ്ങിപ്പോയത്. ഫയാസിന്റെ മൃതദേഹം കാണാതായ സ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ നിന്ന് ഇന്നാണ് കണ്ടെത്തിയത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ഫയാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് താഹിറയും ഇവരുടെ സഹോദരന്റെ മകൻ ബാസിത്തും (13) ഒഴുക്കിൽപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉളിക്കൽ നുച്ചിയാട് പുഴയിൽ ദാരുണ സംഭവമുണ്ടായത്. മുങ്ങിത്താഴ്ന്ന താഹിറയെയും ബാസിത്തിനെയും രക്ഷാപ്രവർത്തകർ ഉടൻ കരക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നുച്ചിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കോരമ്പത്ത് മുഹമ്മദ് പള്ളിപ്പാത്ത്-മറിയം ദമ്പതികളുടെ മകളാണ് താഹിറ. താഹിറയുടെ സഹോദരൻ ബഷീർ-ഹസീന ദമ്പതികളുടെ മകനാണ് ബാസിത്. ഇരിട്ടി ഫയർഫോഴ്‌സും പൊലീസും വള്ളിത്തോട് ഒരുമ റസ്‌ക്യു ടീമും നാട്ടുകാരുമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.
Discussion about this post