കൊച്ചി; ഹത്രാസ് സംഭവത്തില്‍ നടി അമല പോള്‍ പങ്കുവെച്ച പ്രതികരണം വിവാദമായി മാറിയിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചും പോലീസിന് ക്ലീന്‍ ചീറ്റ് നല്‍കുന്നതുമാണ് നടിയുടെ പ്രതികരണം എന്ന തരത്തിലായിരുന്നു വിവാദം ഉയര്‍ന്നത്.
എന്നാല്‍ താന്‍ പറഞ്ഞത് അങ്ങനെയല്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമാരോപിച്ച് മനോരമ ന്യൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.
‘യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്’, മറ്റൊരു സുഹൃത്തിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു നടി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ അമലപോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലീസിനേയും ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ഇതിന് പിന്നാലെ ഉയര്‍ന്ന ആരോപണം. തന്റെ വാക്കുകള്‍ മനോരമ വളച്ചൊടിക്കുകയായിരുന്നുവെന്ന് അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.
സുഹൃത്തിട്ട ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ പരിഭാഷ സുഹൃത്തിനെ കൊണ്ട് മലയാളത്തില്‍ പറയിച്ച് കൊണ്ടുള്ള വോയിസും നടി കേള്‍പ്പിച്ചു. ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്ടിക്കുകയാണെന്ന് അമല പറഞ്ഞു.
വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു. ആളുകള്‍ മണ്ടന്‍മാരാണല്ലേ? ആ പെണ്‍കുട്ടിയോട് ക്രൂരത ചെയ്ത് അവളെ നിശബ്ദയാക്കി. ഈ നിശബ്ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്, എനിക്ക് അറിയണം, വീഡിയോയില്‍ അമല പോള്‍ ചോദിക്കുന്നു.