തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ പരാമർശങ്ങളുടെ പേരിൽ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ സൈബർ പോലീസിന് പരാതി നൽകി ഫേസ്ബുക്ക് കൂട്ടായ്മ. സ്ത്രീകൾക്ക് എതിരെ അധിക്ഷേപകരവും അശ്ലീലകരവുമായ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഘത്തിലെ അംഗമായിരുന്നു ശ്രീലക്ഷ്മി.
സമൂഹ മാധ്യമങ്ങളിൽ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ത വീഡിയോകളിൽ സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ ഉണ്ടെന്നാണ് സൈബർ പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷനാണ് പരാതി നൽകിയത്.
എന്നാൽ, പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് എടുക്കുന്നത് അടക്കം തുടർനടപടികൾ തീരുമാനിക്കൂവെന്ന് സൈബർ പോലീസ് ഡിവൈഎസ്പി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, യൂട്യൂബർമാരായ വിജയ് പി നായർക്കും ശാന്തിവിള ദിനേശിനും എതിരായ പരാതികളിൽ ഭാഗ്യലക്ഷ്മി ഡിജിറ്റൽ തെളിവുകൾ കൈമാറി. രണ്ടു ദിവസം നീണ്ട മൊഴിയെടുക്കലിലാണ് തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് നായർക്കെതിരെയും സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു.
Discussion about this post