തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ചെന്ന തീരുമാനം തിരുത്തി മിലപാടിൽ കുട്ടിക്കരണം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനും തീരുമാനിച്ചു.
യുഡിഎഫിനുള്ളിലും കോൺഗ്രസിനുള്ളിലും സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീരുമാനം. യുഡിഎഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ മുരളീധരൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യമായി കൊമ്പുകോർത്തിരുന്നു. നേതാക്കളുടെ പരസ്യപ്രതികരണം അതിരുവിട്ടതോടെയാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.
അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാരിന്റെ നിർദേശം പാലിക്കും. സമരം കാരണമാണ് കൊവിഡ് വ്യാപിച്ചതെന്ന പ്രസ്താവന നടത്തിയ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലുള്ളവർക്ക് എങ്ങനെ രോഗം വന്നു എന്നതിന് മറുപടി പറയണമെന്നും എംഎംഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, സെപ്തംബർ 28നാണ് പ്രത്യക്ഷ സമരത്തിൽ നിന്ന് യുഡിഎഫ് പിൻവാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ തീരുമാനം സ്വാഗതം ചെയ്തിരുന്നു. കൊവിഡ് പരത്തുന്നത് സമരക്കാരാണെന്ന തരത്തിൽ സർക്കാരും സിപിഎമ്മും പ്രചാരണം തുടങ്ങിയതോടെയാണ് യുഡിഎഫ് സമരത്തിൽ നിന്ന് പിൻവലിഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൂടിയാലോചന നടന്നില്ലെന്നാണ് കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യമായി ഉന്നയിച്ചത്.
ഇതിനിടെ, പ്രതിപക്ഷം സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന ബിജെപി പ്രചാരണവും ആരംഭിച്ചതോടെയാണ് യുഡിഎഫിന്റെ നിലപാട് തിരുത്തൽ.
Discussion about this post