പാലാ: വിധി വീല്‍ചെയറില്‍ ആക്കിയിട്ടും നിശ്ചയദാര്‍ഢ്യത്തില്‍ പൊരുതിയ മനോജ് കുര്യന് ഇന്ന് ഡോക്ടര്‍. തളര്‍ന്ന കാലുകളെ 27കാരനായ മനോജ് മനോധൈര്യം കൊണ്ട് തോല്‍പ്പിക്കുകയാണ് ചെയ്തത്. കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഡോക്ടറാണ് ഇപ്പോള്‍ മനോജ് കുര്യന്. കാലുകളുടെ ശേഷിക്കുറവ് ആതുരസേവനം ചെയ്യുന്നതിന് ഒരു കുറവായി മനോജിന് തോന്നിയിട്ടില്ല.
എംബിബിഎസും ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കിശേഷം മൂന്നുമാസംമുമ്പാണ് കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറായി നിയമിതനായത്. വീല്‍ചെയറിലാണ് രോഗികളെ പരിശോധിക്കാന്‍ വാര്‍ഡിലെത്തുന്നത്. എംബിബിഎസ് പഠിച്ചപ്പോള്‍ വികലാംഗനാണെന്ന പരിഗണന ഒഴിവാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പഠനകാലത്തെ ആ അനുഭവക്കരുത്ത് ഇന്ന് ജോലിക്കാലത്തും പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്നുവെന്നും മനോജ് പറയുന്നു. ക്ലച്ച്, ഗിയര്‍ സംവിധാനങ്ങളില്ലാത്ത കാര്‍ ഓടിക്കാനും മനോജിന് കഴിയും.
ജന്മനാ തളര്‍ന്ന കാലുകളായിരുന്നെങ്കിലും ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിന് അത് തടസ്സമാകരുതെന്ന നിശ്ചയദാര്‍ഢ്യമാണ് മനോജിനെ ഡോക്ടറാക്കി മാറ്റിയത്. ചെറുപ്പത്തില്‍ പള്ളിയില്‍ കണ്ടുമുട്ടിയിരുന്ന വൃദ്ധയായ ഒരു കന്യാസ്ത്രീ, പഠിച്ച് ഡോക്ടറാകണമെന്ന് നിരന്തരം നല്കിയ ഉപദേശമാണ് തനിക്ക് പ്രചോദനമായതെന്നും മനോജ് പറയുന്നു. ഇതിനെല്ലാം പുറമെ, കേന്ദ്ര സര്‍വീസില്‍ ഡോക്ടറായി ജോലിലഭിക്കാനുള്ള പഠനംകൂടി ഇപ്പോള്‍ നടത്തുന്നുണ്ട്.
Discussion about this post