തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ചുമതലയൊഴിഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരും ചുമതല ഒഴിയുമെന്ന് കേരള ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.ജി.എം.സി.ടി.എ.) പറഞ്ഞു.
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തന്നെ കൊവിഡ് നോഡല്‍ ഓഫീസര്‍മാരുടെ ചുമതല ഒഴിയുമെന്ന് കെജിഎംസിടിഎ അറിയിച്ചിരുന്നു. ഓരോ മെഡിക്കല്‍ കോളേജുകളിലും രണ്ടും മൂന്നും ഡോക്ടര്‍മാരെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. നോഡല്‍ ഓഫീസര്‍മാരുടെ ചുമതല ആശുപത്രിയുടെ ഭരണ നിര്‍വഹണ തലത്തിലുള്ള ആരെങ്കിലും തന്നെ ഏറ്റെടുക്കട്ടെയെന്ന നിലപാടിലാണ് സംഘടന.
അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ സസ്പെന്ഷന് പിന്‍വലിക്കാനാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമരം ചെയ്ത ഡോക്ടര്‍മാര്‍ക്ക് എതിരെ കേസ് എടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
Discussion about this post