കെപി ശശികലയുടെ അറസ്റ്റ് വൈകി; എസ്പി സുദര്‍ശനെതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ

സുദര്‍ശനെതിരെ നടപടിയെടുക്കാനാണ് ഐജി വിജയ്സാക്കറെ ഡിജിപിക്ക് നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കെപി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ എസ്പിക്ക് എതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ. നവംബര്‍ 16ന് മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്പി സുദര്‍ശനെതിരെ നടപടിയെടുക്കാനാണ് ഐജി വിജയ്സാക്കറെ ഡിജിപിക്ക് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. അഞ്ചു മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശശികല അറസ്റ്റിലായത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. അറസ്റ്റ് വൈകിപ്പിച്ച് എസ്പിയും ഡിവൈഎസ്പിയും മരക്കൂട്ടത്ത് നിന്ന് മാറി നിന്നെന്നാണ് ഐജിയുടെ കണ്ടെത്തല്‍.

അതേസമയം എസ്പിയുടെ നടപടിയോട് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ അനുകൂല നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. മരക്കൂട്ടത്തില്‍ എസ്പിയുടെ നടപടിയാണ് ശരിയെന്നാണ് ഈ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എസ്പിയോട് ഡിജിപി വിശദീകരണം തേടും. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എസ്പിയുടെ നിലപാട്. ഈ നിലപാടോടെയാണ് എസ്പിയും ഡിവൈഎസ്പിയും സ്ഥലത്ത് നിന്ന് മാറി നിന്നത്.

തുടര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ വനിതാ പോലീസുകാര്‍ എത്തി ശശികലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വനിതാ പോലീസുകാര്‍ക്ക് ഡിജിപി അനുമോദനം അറിയിച്ചിരുന്നു.

ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പോലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്, തുടര്‍ന്ന് സംസ്ഥാനത്ത് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version