തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവശ്യപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സമരം. രാവിലെ രണ്ട് മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിച്ച ശേഷം റിലേ സത്യാഗ്രഹം തുടങ്ങിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടങ്ങിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്.