തൃശ്ശൂര്‍: സംഗീത നാടക അക്കാദമി വിവാദത്തില്‍ പ്രതികരണവുമായി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തെ പാടെ തള്ളിയാണ് കെപിഎസി ലളിത രംഗത്ത് വന്നിരിക്കുന്നത്. രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കെപിഎസി ലളിത പറയുന്നു.
സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെപിഎസി ലളിതയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും താന്‍ ജാതീയവും ലിംഗപരവുമായ വിവേചനം നേരിട്ടെന്നാണ് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയുള്ള ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി ഉന്നയിച്ചു.
അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. തനിക്ക് അവസരം നല്‍കിയാല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചതായി കെപിഎസി ലളിത തന്നോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം. ‘ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.’ രാമകൃഷ്ണന്‍ പറയുന്നു.
നിരാശയോടെ കെപിഎസി ലളിതയെ വിളിച്ചപ്പോള്‍ കെപിഎസി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെപിഎസി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്പുരാന്‍മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം പാടെ തള്ളുകയാണ് നടി കെപിഎസി ലളിത.