തിരുവനന്തപുരം: യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ച് കൊടുത്ത സംഭവത്തില്‍ ദന്ത ഡോക്ടറും സീരിയല്‍ നടനും കൂട്ടാളിയും അറസ്റ്റില്‍. യുവതിയുടെ ബന്ധുവായ തിരുവനന്തപുരം മെഡി. കോളേജിലെ ദന്ത ഡോക്ടറാണ് അറസ്റ്റിലായത്.
ഡോക്ടര്‍ക്കൊപ്പം സീരിയല്‍ നടനായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്, സുഹൃത്ത് നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങളാക്കി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വാട്സ്ആപ്പ് നമ്പറുകളിലേക്ക് അയച്ചുനല്‍കുകയായിരുന്നു.
യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ദന്ത ഡോക്ടറാണ് സംഭവത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് സീരിയല്‍ നടനായ ജസീര്‍ ഖാന് തന്റെ കൈവശമുള്ള ഫോണില്‍നിന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുനല്‍കിയത്.
വ്യാജ നഗ്നചിത്രങ്ങള്‍ അയച്ച മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്ന് പ്രതികളും കുടുങ്ങിയത്. ചിത്രങ്ങള്‍ അയച്ച നമ്പര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ പേരിലുള്ളതാണെന്ന് പോലീസ് തുടക്കത്തിലേ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നമ്പര്‍ താന്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു വട്ടപ്പാറ സ്വദേശിയുടെ പ്രതികരണം. വിശദമായി പരിശോധിച്ചതോടെ ഇക്കാര്യം ശരിയാണെന്ന് പോലീസും സ്ഥിരീകരിച്ചു. തുടര്‍ന്ന് മൊബൈല്‍ കമ്പനിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുകയും അന്വേഷണം ശ്രീജിത്തിലേയ്ക്ക് എത്തുകയുമായിരുന്നു.
മൊബൈല്‍ സിം ഏജന്‍സിയും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്ന ശ്രീജിത്താണ് വട്ടപ്പാറ സ്വദേശിയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. ഈ സിം കാര്‍ഡ് സീരിയല്‍ നടനായ ജസീര്‍ ഖാനാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമായി. തുടര്‍ന്നാണ് മൂന്ന് പ്രതികളെയും പിടികൂടിയത്.
Discussion about this post