തൃശ്ശൂര്‍: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ നേരത്തെ എറണാകുളം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു.സാംസ്‌കാരിക പരിപാടികള്‍, ഗവണ്മെന്റ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ പാടുള്ളു. ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാന്‍ പാടില്ലെന്നും ജില്ല കളക്ടര്‍ അറിയിച്ചു.