കോഴിക്കോട്: കൊവിഡ് കണ്ടെയിന്മെന്റ് സോണില്‍ ആള്‍ക്കൂട്ട സമരം നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിനെതിരെ വ്യാഴാഴ്ച താമരശ്ശേരി ബസ് ബേയിലാണ് യുഡിഎഫ് ഉപവാസ സമരം നടത്തിയത്. രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച സമരം വൈകിട്ട് ആറുമണിയോടെയാണ് അവസാനിപ്പിച്ചത്.
മുന്‍ എംഎല്‍എ വിഎം ഉമ്മര്‍ മാസ്റ്റര്‍, കെപിസിസി അംഗം എ അരവിന്ദന്‍, അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത്. താമരശ്ശേരി ടൗണ്‍ ഉള്‍ക്കൊള്ളുന്ന ഏഴാം വാര്‍ഡില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ജില്ലാകലക്ടര്‍ ഇവിടെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് യുഡിഎഫ് ആള്‍ക്കൂട്ട സമരം നടത്തിയത്. അമ്പതോളം ആളുകളാണ് പലപ്പോഴും സമരപ്പന്തലില്‍ ഉണ്ടായിരുന്നത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സമരം.
കര്‍ഷക ജനസംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍, ഐസി ബാലകൃഷ്ണന് എംഎല്‍എ, എംകെ രാഘവന്‍ എംപി, കെഎം ഷാജി എംഎല്‍എ, മുന്‍ എംഎല്‍എ റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി കൊവിഡ് പരത്തുന്നതിന്നായാണ് യുഡിഎഫ് സമരം നടത്തിയതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
Discussion about this post