ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ മുണ്ടക്കയം ചോറ്റി ഭാഗത്തുവച്ചുണ്ടായ റോഡപകടത്തില്‍പ്പെട്ട് വലതുകാല്‍ നഷ്ടമായപ്പോള്‍ മനു ബാബു തളര്‍ന്നുപോയിരുന്നു. മുന്നോട്ട് ഇനി ജീവിതമില്ലെന്നുവരെ തോന്നിപ്പോയ നിമിഷങ്ങളുണ്ട്. എന്നാല്‍ പിന്നീട് അവന് കരുത്ത് പകര്‍ന്ന് താങ്ങിനിര്‍ത്തി ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സുഹൃത്തുക്കള്‍ എന്ന വാക്കിനര്‍ത്ഥം തെളിയിച്ച ഏതാനും ചെറുപ്പക്കാരുണ്ടായിരുന്നു.
മനു ആശുപത്രിയും വീടുമായി കഴിഞ്ഞിരുന്ന ദിവസങ്ങളിലൊന്നിലാണ് കൂട്ടുകാരെല്ലാം എത്തിയത്. അവന്‍ കിടന്നിരുന്ന മുറി വെള്ള പൂശി വൃത്തിയാക്കി. കയ്യെത്തും ദൂരത്ത് ലൈറ്റിന്റെയും ഫാനിന്റെയും സ്വിച്ചുകള്‍ ഒരുക്കി. അവന് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി.
മനു കിടപ്പിലായതോടെ ബേക്കറിയില്‍ ജോലിക്കു പോകാനാവാതെ രാപകല്‍ അവനൊപ്പം നില്‍ക്കുകയായിരുന്ന അമ്മ മായയോട് അവര്‍ പറഞ്ഞു, ‘മായമ്മ ധൈര്യമായി ജോലിക്കു പോയ്‌ക്കോ! ഞങ്ങള്‍ നോക്കിക്കോളാം മനുവിനെ!’ അതൊരു വെറും വാക്കായിരുന്നില്ല. അന്നു മുതല്‍ ഇന്നു വരെ മനുവിന്റെയും കുടുംബത്തിന്റെയും ഏതാവശ്യത്തിനും മുന്‍പന്തിയില്‍ അവരുണ്ട്.
വാക്കറിന്റെ സഹായത്തോടെ എണീറ്റു നടക്കാറായപ്പോള്‍, മനു കുന്നിനു മുകളിലുള്ള വീട്ടില്‍ നിന്നു കൂട്ടുകാര്‍ക്കൊപ്പം താഴേക്കിറങ്ങി. അവര്‍ക്കൊപ്പം ഒറ്റ കാല്‍ വച്ച് സൈക്കിളോടിച്ചു. പിന്നെ ബൈക്ക് ഓടിക്കാനായി ശ്രമം. കൂളായി അതും സാധിച്ചെടുത്തു.
ഇരുകാലുകളിലും നടക്കുമ്പോള്‍ ചെയ്തതെല്ലാം അവന്‍ തിരിച്ചുപിടിച്ചു. പണ്ടത്തെപ്പോലെ കുളത്തിലേക്കിറങ്ങി നീന്തി… കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോളും വോളിബോളും കളിച്ചു. യാത്രകള്‍ പോയി. എല്ലാ കാര്യങ്ങള്‍ക്കും കട്ടയ്ക്ക് കൂട്ടുകാരുണ്ടായിരുന്നു.
ഏതോ വിവാഹ പാര്‍ട്ടി കഴിഞ്ഞുവരുന്ന കാറാണ് മനുവിന്റെ വണ്ടിയില്‍ വന്നിടിച്ചത്. . അവര്‍ അമിതവേഗത്തിലായിരുന്നു വന്നത്. വണ്ടിയില്‍ വന്നിടിച്ചിട്ടും നിറുത്താതെ അവര്‍ പോയി. കൂട്ടുകാര്‍ കൂടെ ഉണ്ടായിരുന്നതുകൊണ്ട് വേഗം ആശുപത്രിയില്‍ എത്തിച്ചുവെന്ന് മനു പറയുന്നു.
അന്നുമുതല്‍ ഇന്നുവരെ ചേര്‍ത്തു പിടിച്ചത് കൂട്ടുകാരാണ്. അവര്‍ അന്നും ഇന്നും എന്റെ കൂടെയുണ്ട്. പണ്ടത്തെക്കാളുമേറെ അവര്‍ ഇപ്പോള്‍ എന്റെ കൂടെയുണ്ട്. എനിക്കെന്ത് ആവശ്യമുണ്ടെങ്കിലും അവര്‍ എത്തും. എനിക്ക് ഒറ്റയ്ക്ക് എങ്ങോട്ടും പോകാന്‍ പറ്റില്ലല്ലോ. വീട്ടുമുറ്റത്ത് നിന്ന് ഒരു വിസിലടിക്കുകയോ വാട്ട്‌സാപ്പില്‍ ഒരു മെസജ് ഇടുകയോ ചെയ്യേണ്ട താമസം അവര്‍ ഓടിയെത്തുമെന്നും മനു പറയുന്നു.
എന്റെ ഒരു കാല് പോയെങ്കിലും നൂറു കാലുകള്‍ എനുക്കുള്ള പോലെയാണ് അവര്‍. അവരാണ് ആദ്യമായി എന്റെ വിഡിയോ ടിക്ടോക്കിലിട്ടത്. അപകടം നടന്നിട്ട് ഒരു വര്‍ഷം ആയതിന്റെ ഭാഗമായി ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി എന്നെ അവന്‍മാരുടെ ഒരാളുടെ ടെറസിലേക്ക് കേറ്റി.
ഒരു ഏണി വച്ചിട്ട്, കേറിക്കോളാന്‍ പറയുകയായിരുന്നു. ‘ഞങ്ങള്‍ പിടിച്ചിട്ടുണ്ട്, കേറിക്കോ’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കേറി. അത് അവര്‍ വിഡിയോ എടുത്തു. അതാണ് ആദ്യം പോസ്റ്റ് ചെയ്ത വിഡിയോ. അത് വൈറലായി. അങ്ങനെയാണ് ഒരുപാടു പേര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും മനു കൂട്ടിച്ചേര്‍ത്തു.