മൂന്നാർ: ക്വാറന്റൈനിൽ കഴിയുന്ന യുവാവ് താമസിക്കുന്ന ലോഡ്ജിൽ നിന്നും വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണിട്ടും രക്ഷിക്കാനാകാതെ നാട്ടുകാർ നിസ്സഹായരായി. മൂന്നാർ ലക്ഷ്മി റോഡ് സ്വദേശി കെ സുഭാഷ് (24) ആണ് ഇന്നലെ ഉച്ചയോടെ അപകടത്തിൽ പെട്ടത്.
ക്വാറന്റൈനിൽ കഴിയുന്ന ആളായതിനാലാണ് നാട്ടുകാർ രക്ഷിക്കാൻ തയാറാകാതിരുന്നത്. അര മണിക്കൂറിനു ശേഷം അഗ്നിരക്ഷാസേന എത്തിയാണ് സുഭാഷിനെ ടാറ്റാ ടീ ആശുപത്രിയിൽ എത്തിച്ചത്. 40 ശതമാനത്തോളം പൊള്ളലേറ്റ യുവാവിന് വീഴ്ചയിൽ ഇടുപ്പിന് പരുക്കേൽക്കുകയും ചെയ്തു.
കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പഴയ മൂന്നാറിലെ ഒരു ലോഡ്ജിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു സുഭാഷ്. രണ്ടാം നിലയിലെ മുറിയുടെ പുറം ഭിത്തിയോടു ചേർന്നുള്ള വൈദ്യുതക്കമ്പിയിൽ അറിയാതെ കൈ തട്ടിയാണ് ഷോക്കേറ്റത്. ഷോക്കേറ്റ സുഭാഷ് അഴികൾ ഇല്ലാതിരുന്ന ജനൽ വഴി തെറിച്ച് പിൻഭാഗത്തെ പുഴയോരത്തേക്കു വീണു. 20 അടി താഴ്ചയിലേക്കായിരുന്നു വീഴ്ച.
Discussion about this post