കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണ ചെലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. പാലത്തിന്റെ പണി കാണാന്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനുള്ള മുഴുവന്‍ തുകയും കരാറുകാരായ ആര്‍ഡിഎസില്‍ നിന്ന് തന്നെ ഈടാക്കും. കോടതി നടപടിക്രമങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം ഈടാക്കും, വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസം ഉള്ളതെന്നും മന്ത്രി പറഞ്ഞു.
അനാവശ്യ കേസുകളുടെ പേരിലാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി വൈകിയത്. പാലംപൊളിക്കുന്നത് മെല്ലെയാക്കാന്‍ കരാറുകാരുടെ മാഫിയ പ്രവര്‍ത്തിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം ഏറ്റെടുത്തതോടെ കുറ്റമറ്റ രീതിയിലും സമയ ബന്ധിതമായും പണി പൂര്‍ത്തിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു.
750 മീറ്റര്‍ പാലത്തിന്റെ 450 മീറ്റര്‍ ഭാഗമാണ് പൂര്‍ണമായി പൊളിക്കുന്നത്. അനാവശ്യ കേസുകളുടെ പേരിലാണ് നിര്‍മാണ പ്രവൃത്തി വൈകിയതെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു. നിര്‍മാണ പ്രവൃത്തി നടക്കുന്ന വൈറ്റില- കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
Discussion about this post