തൃശ്ശൂര്‍: ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്.ഫേസ്ബുക്കിലൂടെയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവെച്ചത്. ‘ഡോക്ടര്‍ അനൂപ് താങ്കളൊരു നല്ല മനുഷ്യനാണ്.പക്ഷെ ഒരു മണ്ടത്തരം കാട്ടി.കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്.പക്ഷെ കേട്ടിടത്തോളം,അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല. താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു.അത്രയ്ക്കും സങ്കടം തോന്നുന്നു ഡോ.അനൂപ്,താങ്കളൊരു നല്ല മാതൃകയേ അല്ല.ഒരിക്കല്‍ കൂടി ആദരാഞ്ജലി’-മനോജ് വെള്ളനാട് കുറിച്ചു.
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആദരാഞ്ജലി ഡോ.അനൂപ്.താങ്കളൊരു നല്ല മനുഷ്യനാണ്.പക്ഷെ ഒരു മണ്ടത്തരം കാട്ടി.ഒരു ഡോക്ടറും ചികിത്സയ്ക്കിടയില്‍ തന്റെ രോഗിയ്ക്ക് ഏതെങ്കിലും വിധം അപകടം വരണമെന്ന് വിചാരിക്കില്ലെന്ന് ചിന്തിക്കാന്‍ മാത്രം നന്മയോ സാമാന്യബുദ്ധിയോ നമ്മുടെ സമൂഹത്തിനില്ല. അത് താങ്കളോര്‍ത്തില്ല.ഈ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇന്നിവിടെയൊരു ഉപന്യാസം രചിച്ചു വച്ചാലും നാളെ മറ്റൊരു ഡോക്ടറുടെ അവസ്ഥ ഇതുതന്നെ.ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാര്യമെന്തെന്നറിയില്ലെങ്കിലും,ഒരിരയെ കിട്ടിയ സന്തോഷത്തോടെ അയാളെ വേട്ടയാടും. നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപ്പെടാനുള്ളവര്‍ക്കും മാത്രം അതില്‍ വിഷമം തോന്നും. അതുകൊണ്ട്, അധികം എഴുതാന്‍ വയ്യാ.
കുഞ്ഞിന്റെ മരണം നിര്‍ഭാഗ്യകരമാണ്.പക്ഷെ കേട്ടിടത്തോളം,അതൊഴിവാക്കാന്‍ പറ്റുമായിരുന്നില്ല (ജന്മനാല്‍ ഹൃദയത്തകരാറുള്ള കുഞ്ഞിന് Ventricular fibrillation ഉണ്ടായ അവസ്ഥ) എന്നാണ് എന്റെ ഊഹം.പക്ഷെ,താങ്കളിത് ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു.അത്രയ്ക്കും സങ്കടം തോന്നുന്നു.ഡോ.അനൂപ്,താങ്കളൊരു നല്ല മാതൃകയേ അല്ല.ഒരിക്കല്‍ കൂടി ആദരാഞ്ജലി.-മനോജ് വെള്ളനാട്
സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട’ഭദ്രശ്രീ’യില്‍ ഡോ.അനൂപ് കൃഷ്ണയാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട്’സോറി’എന്നെഴുതിയായിരുന്നു ആത്മഹത്യ.
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അസ്വസ്ഥനായിട്ടാണ് അനൂപ് ആത്മഹത്യ ചെയ്തത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.