144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് മുരളീധരന്‍; ആരോഗ്യസുരക്ഷയുടെ കാര്യമാണ്, സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരുമെന്ന് മുരളിയെ തള്ളി മുല്ലപ്പള്ളി; കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത കെ മുരളീധരനെ തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. 144 പ്രഖ്യാപിച്ചാല്‍ പാലിക്കേണ്ടി വരും. ഒക്ടോബര്‍ 31 വരെ നിലവിലെ നിലപാട് കെപിസിസി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരും എന്നായിരുന്നു മുരളീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടത്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മുരളീധരന്റെ ഈ അഭിപ്രായത്തെയാണ് മുല്ലപ്പള്ളി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. ആള്‍ക്കൂട്ട സമരം കോണ്‍ഗ്രസ് നിര്‍ത്തിയതിനെയും മുരളിധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിയത് ശരിയല്ല. പേടിച്ചിട്ടാണെന്ന് തോന്നിക്കുമെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചു.

തുടര്‍ന്ന് മുരളീധരനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രംഗത്ത് എത്തിയിരുന്നു. എംപിമാര്‍ നിഴല്‍ യുദ്ധം അവസാനിപ്പിക്കണം. സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിയത് പൊതുതാല്പര്യം നിര്‍ത്തിയാണെന്നും ഇടഞ്ഞുനില്‍ക്കുന്ന മുരളീധരന്‍ അടക്കമുള്ള എംപിമാര്‍ക്കെതിരെ മുല്ലപ്പള്ളി തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുരളീധരന്‍ അടക്കമുള്ള ചില എംപിമാരുടെ ആവശ്യം കെപിസിസി തള്ളിയതാണ് പോര് ശക്തമാകാനുള്ള കാരണം.

Exit mobile version