കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങിയ സാഹചര്യത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡ്രൈവര്‍മാരെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.
ഇന്നലെ അര്‍ധരാത്രി മുതലാണ് മിനിമം വേതനം ഉറപ്പാക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരം തുടങ്ങിയത്. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കമ്പനികളുമായി ഡ്രൈവര്‍മാര്‍ സഹകരിക്കേണ്ടെന്ന് സംയുക്ത തൊഴിലാളി സംഘടന തീരുമാനിച്ചിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തിയ സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടന്നത്. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച ഫലപ്രദമായില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കണം, ഓണ്‍ലൈന്‍ കമ്പനികള്‍ അമിത കമ്മീഷന് ഈടാക്കുന്നത് അവസാനിപ്പിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ടാക്സി തൊഴിലാളികള്‍ സമരം തുടങ്ങിയത്.
Discussion about this post