തിരുവനന്തപുരം: 100 ദിവസം കൊണ്ട് അരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഓരോ മേഖലയില്‍ എത്രപേര്‍ക്ക് ഏതെല്ലാം മാര്‍ഗത്തിലൂടെ തൊഴില്‍ നല്‍കുമെന്ന കൃത്യമായ കണക്ക് നിരത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രതീരുമാനം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍വഴി 18,600 പേര്‍ക്കാണ് തൊഴില്‍നല്‍കുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 425 തസ്തികയും എയ്ഡഡ് കോളജുകളില്‍ 700 തസ്തികയും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 താല്‍ക്കാലിക തസ്തികയും സൃഷ്ടിക്കും.
എയ്ഡഡ് സ്‌കൂളുകളില്‍ 6911 തസ്തികയിലെ നിയമനം ക്രമവല്‍ക്കരിക്കും. നിയമന ശുപാര്‍ശ കിട്ടിയിട്ടും ജോലിക്ക് ചേര്‍ന്നിട്ടില്ലാത്ത 1632 പേരുമുണ്ട്. എല്ലാം ചേര്‍ത്ത് വിദ്യാഭ്യാസമേഖലയില്‍ 10,968 പേര്‍ക്ക് തൊഴില്‍ നല്‍കും. മെഡിക്കല്‍ കോളജുകളില്‍ 700 തസ്തികയും പൊതു ആരോഗ്യ സംവിധാനത്തില്‍ 500 തസ്തികയും സൃഷ്ടിക്കും.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1000 ജീവനക്കാര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി 500 പേരെ നിയമിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കും.
– പിഎസ്സിവഴി 100 ദിവസത്തിനുള്ളില്‍ 5000 പേര്‍ക്കെങ്കിലും നിയമനം നല്‍കാന്‍ തീരുമാനിച്ചു. എല്ലാ ഒഴിവും പിഎസ്സിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. ഫിനാന്‍സ്, നിയമം, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പുകള്‍ എന്നിവരുടെ സ്ഥിരം സമിതി രൂപീകരിച്ച് കെട്ടിക്കിടക്കുന്ന മുഴുവന്‍ സ്‌പെഷ്യല്‍ റൂളുകള്‍ക്കും സമയബന്ധിതമായി അംഗീകാരം നല്‍കും.
– പിന്നോക്ക വികസന കോര്പറേഷന് 650 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരന്റി നല്‍കിയത് ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് നൂറു ദിവസംകെണ്ട് 3060 തൊഴില്‍ സൃഷ്ടിക്കും. 400 വനിതാ സംരംഭകര്‍ക്ക് സഹായം, 75 പ്രവാസികള്‍ക്ക് റിട്ടേണ്‍ വായ്പ,1125 മറ്റു സ്വയം തൊഴില്‍ വായ്പാ സംരംഭങ്ങള്‍, 50 വിധവകള്‍ക്കുള്ള സഹായമടക്കം 1660 സംരംഭകര്‍ക്കാണ് സഹായം നല്‍കും. ഇതുവഴി 3060 തൊഴിലവസരം.
-വനിതാ വികസന കോര്‍പറേഷന് 740 കോടിയുടെ വായ്പയ്ക്കുള്ള ഗ്യാരന്റി നല്‍കി. 1200 പേര്‍ക്ക് സ്വയം തൊഴിലിന് വായ്പ. 50 പട്ടികവര്‍ഗ സ്ത്രീകള്‍ക്കും 15 ട്രാന്‍സ് ജെന്‍ഡേഴ്‌സിനും വായ്പ നല്‍കും. വിദേശത്ത് ജോലി ചെയ്യാന്‍ 90 നേഴ്‌സുമാര്‍ക്ക് വിദഗ്ധ്യപരിശീലനം. മൊത്തം 2920 തൊഴില്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 500 സംരംഭകര്‍ക്ക് മൂന്നു മാസംകൊണ്ട് വായ്പ നല്‍കുന്നു. 2500 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
-തീരദേശ വികസന കോര്‍പറേഷനു കീഴിലുള്ള മത്സ്യസംസ്‌കരണ യൂണിറ്റുകളിലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംരംഭങ്ങളിലൂടെയും 150 പേര്‍ക്ക് തൊഴില്‍. പട്ടികജാതി വികസന കോര്പറേഷന് 100 കോടി രൂപ അടങ്കലുള്ള സംരംഭകത്വ വികസന പദ്ധതി നടപ്പാക്കും. ഇതില്‍ 100 ദിവസംകൊണ്ട് 1308 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയും.
-വികലാംഗ ക്ഷേമ കോര്‍പറേഷന്റെ കൈവല്യ പദ്ധതിയില്‍ 7000ല്‍പ്പരം അപേക്ഷയുണ്ട്. ഇവ ജില്ലാതല സമിതികള്‍ അടിയന്തരമായി പരിശോധിച്ച് അര്‍ഹരായ എല്ലവര്‍ക്കും അംഗീകാരം നല്‍കും. 5000 പേര്‍ക്കെങ്കിലും ഇതുവഴി തൊഴില്‍ ലഭിക്കും.
– അരലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സംരംഭകത്വ പദ്ധതികള്‍ പ്രോത്സാഹനം. 8000 കോടിയെങ്കിലും വായ്പയായും സബ്‌സിഡിയായും സംരംഭകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
– സംസ്ഥാനത്തെ 42 പൊതുമേഖലാ സ്ഥാപനത്തില്‍ 1178 സ്ഥിരം നിയമനവും 342 താല്‍ക്കാലിക നിയമനവും 241 കരാര്‍ നിയമനവും അടക്കം 1761 നിയമനം ഉണ്ടാകും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ 241 നിയമനം നടക്കും.കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നിവയില്‍ 766 നിയമനം.
-കെഎസ്എഫ്ഇയില്‍ പിഎസ്സിവഴി 1000 പേര്‍ക്ക് നിയമനം നല്‍കും.പുതിയ ഹോംകോ ഫാക്ടറിയില്‍ 150 തസ്തിക. സഹകരണവകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം, താല്‍ക്കാലിക നിയമനം. കേരഫെഡിന്റെ ആറ് സ്ഥാപനത്തില്‍ 348 നിയമനം.
– സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ രണ്ടാംപാദത്തില്‍ ചുരുങ്ങിയത് 2400 യൂണിറ്റും 7200 തൊഴിലവസരവും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍വഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ടിനു കീഴില്‍ 4053 ആളുകള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ഇതുവഴി ചുരുങ്ങിയത് 6000 പേര്‍ക്ക് തൊഴില്‍.
– കശുവണ്ടിവ്യവസായത്തില്‍ കാപ്പെക്‌സിലും കോര്‍പറേഷനിലുമായി 3000 തൊഴിലാളികളെ 100 ദിവസത്തിനുള്ളില്‍ പുതുതായി ജോലിക്കെടുക്കും.100 യന്ത്രവല്‍ക്കൃത ഫാക്ടറി കയര്‍വ്യവസായത്തില്‍ തുറക്കും. പുതുതായി 500 പേര്‍ക്കെങ്കിലും അധികജോലി ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി 2000 പേരെക്കൂടി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി നിയമിക്കും.
-പ്രതിസന്ധി ഘട്ടത്തില്‍ സഹകരണമേഖലയാണ് സംസ്ഥാന സര്‍ക്കാരിനും സമ്പദ്ഘടനയ്ക്കും കരുത്ത് പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയിലൂടെ 17,500 തൊഴിലവസരമാണ് സൃഷ്ടിക്കുക. 13000ല്‍പ്പരം അവസരം പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകര്‍ക്ക് നല്‍കുന്ന വായ്പയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ സഹകരണമേഖലയ്ക്ക് 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും.
– 100 നാളികേര സംസ്‌കരണ യൂണിറ്റിലായി 1000 പേര്‍ക്കും 750 പച്ചക്കറി സംഭരണ വില്‍പ്പനകേന്ദ്രത്തിലായി 1500 പേര്‍ക്കും തൊഴില്‍ നല്‍കും. കണ്‍സ്യൂമര്‍ ഫെഡ് (1000), മാര്‍ക്കറ്റ് ഫെഡ് (12), വനിതാ ഫെഡ് (174), റബര്‍ മാര്‍ക്ക് (36), എസ്സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരം സൃഷ്ടിക്കും.സഹകരണമേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരം സൃഷ്ടിക്കും. മത്സ്യഫെഡിന്റെ സംരംഭങ്ങളിലായി 579 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും.
Discussion about this post