തിരുവനന്തപുരം: ഒക്ടോബര്‍ 15 ന് ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ കേരളത്തില്‍ സ്കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല. കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം.നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനല്കിയത്. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകള്‍ക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുള്ള ഇളവുകള്‍മാത്രം മതിയെന്നാണു തീരുമാനം.
വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര് എന്ന നിയന്ത്രണം തുടരും. സാമൂഹിക അകലം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.
Discussion about this post