പൊന്നാനി: കേരള സർക്കാറിന്റെ പരിഗണനയിലുള്ള അറബിക് സർവ്വകലാശാല പൊന്നാനിയിൽ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെഎം മുഹമ്മദ് കാസിം കോയയും പൊന്നാനി ജനകീയ കൂട്ടായ്മയും. ലോകത്ത് അറിയപ്പെടുന്ന പ്രതിഭയായ 29 ഗ്രന്ഥങ്ങൾ ലോകത്തിന് സമ്മാനിച്ച ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ പേരിൽ അറബിക് സർവകലാശാല അനുവദിക്കണമെന്നാണ് ജനകീയ കൂട്ടായ്മയുടെ അഭ്യർത്ഥന.
ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ ഗ്രന്ഥങ്ങളായ ഫത്ത്ഹുൽ മുഈൻ, തുഹ്ഫത്തുൽ മുജാഹിദീൻ, ഇർഷാദുൽ ഇബാദ, അൽ അജ്‌വിബതുൽ അജീബ തുടങ്ങിയവ ലോകപ്രശസ്തമായതും വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റികളിൽ പഠനം നടക്കുന്നവയുമാണ്. പൊന്നാനി താലൂക്കിൽ നിലവിൽ സർക്കാർ കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിലും ഒരു അറബിക് സർവകലാശാല പൊന്നാനിയിൽ തന്നെ അനുവദിക്കണമെന്നാണ് ആവശ്യം. സർവകലാശാല ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ പേരിൽ നാമകരണം ചെയ്യണമെന്നും പൊന്നാനി ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ എം മുഹമ്മദ്കാസിം കോയ, ശാഹുൽഹമീദ് പുതുപൊന്നാനി ,ഹനീഫ മുസ്ല്യാർ വെളിയങ്കോട്, ഫളൽ മൗലവി, കെഎം ഇബ്രാഹിം ഹാജി, ഉമ്മർ പിപി, ഇസ്മാഈൽ അൻവരി, ഹസൈനാർ മുസ്ല്യാർ, റഫീഖ് സഅദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊന്നാനിയെ സംബന്ധിച്ച് ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ പേരിൽ പഠന റിസർച്ച് കേന്ദ്രം അനിവാര്യമാണന്നും തീർച്ചയായും സർക്കാറിന്റെ പരിഗണനയിൽ കാര്യം അവതരിപ്പിക്കുമെന്നും സ്പീക്കർ ഉറപ്പു നൽകിയതായി നേതാക്കൾ പറഞ്ഞു.
പൊന്നാനി താലൂക്കിൽ ഒരു അറബിക് സർവകലാശാല എന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എകെ ബാലനും ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് പൊന്നാനി ജനകീയ കൂട്ടായ്മ.