ദുബായ്: രക്ഷിതാക്കളില്ലാതെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് (അണ് അക്കമ്പനീഡ് മൈനര്‍) ഇനി മുതല്‍ ടിക്കറ്റ് നിരക്കിനുപുറമേ അധികമായി പ്രത്യേക തുകകൂടി ഈടാക്കും. യുഎഇയില്‍ നിന്ന് അവധിക്ക് കുട്ടികളെ തനിച്ചുവിടുന്ന രക്ഷിതാക്കള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ ഒരുഭാഗത്തേക്ക് മാത്രം 165 ദിര്‍ഹം (ഏകദേശം 3180 രൂപ) ആണ് നല്‍കേണ്ടത്. ഇരുവശത്തേക്കുമാണെങ്കില്‍ 330 ദിര്‍ഹം (6360) അധികം നല്‍കണം. ഇത് സംബന്ധിച്ച് ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ സര്‍ക്കുലര്‍ നല്കി കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം അധിക തുകയും ഈടാക്കും.
ഇത്തരത്തില്‍ തനിയെ യാത്രചെയ്യുന്ന കുട്ടികളുടെ ടിക്കറ്റ് ഇനി മുതല്‍ എയര്‍പോര്‍ട്ട് ഓഫീസില്‍ നിന്നോ, എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നോ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ട്രാവല്‍ ഏജന്റ് വഴിയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ഓഫീസിലെത്തി അധിക തുക അടയ്ക്കേണ്ടിവരും. യാത്ര റദ്ദാക്കിയാല്‍ തുക തിരികെ ലഭിക്കില്ല, എന്നാല്‍, യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണെങ്കില്‍ തുക വീണ്ടും അടയ്ക്കേണ്ട.
അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് അണ് അക്കമ്പനീഡ് മൈനര്‍ വിഭാഗത്തില്‍ വിമാനത്തില്‍ തനിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുക. ഇതിനായി മാതാപിതാക്കളുടെ പാസ്പോര്‍ട്ട് കോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കണം. അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ് കുതിച്ചുയരുന്നതിനാല്‍ ഒട്ടേറെ രക്ഷിതാക്കള്‍ കുട്ടികളെ തനിയെ നാട്ടിലേക്ക് അയയ്ക്കാറുണ്ട്.
Discussion about this post