കൊല്ലം: ജന്മനാ കാലിനുള്ള വൈകല്യം മാറ്റാനായി ചികിത്സയ്ക്ക് വിധേയയായ ഏഴുവയസുകാരി മരിച്ച സംഭവം വിവാദമാകുന്നതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കൈഞരമ്പ് മുറിച്ച് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മുപ്പത്തിനാല് വയസ്സായിരുന്നു.
ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെയാണ് ചികിത്സിച്ച ഡോക്ടറുടെ ആത്മഹത്യ.
എഴുകോൺ സ്വദേശികളായ സജീവ് കുമാർ-വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആധ്യ എസ് ലക്ഷ്മിയാണ് ചികിത്സാപിഴവ് കാരണം മരിച്ചത്. ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ ആധ്യയെ അനൂപിന്റെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.
എന്നാൽ, അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി നേരത്തെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലൻസ് പോലീസ് തടഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).
Discussion about this post