തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ടെന്നും മത്സരിക്കാന്‍ ആഗ്രഹമുള്ളവരുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താന്‍ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള കെ.മുരളീധരന്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ വാദം കെ മുരളീധരന് തള്ളിക്കളയുന്നു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്നും ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാല്‍ തന്നെ ഇവിടെ തന്റെ് സ്ഥിരം സാന്നിധ്യമുണ്ടാവുമെന്നും മുരളീധരന് പറഞ്ഞു.
നേരത്തെയുള്ള പുനസംഘടനയില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കുള്ളില്‍ ആവശ്യമായ കൂടിയാലോചനയില്ല.
സമരം നിര്‍ത്തുകയല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരരീതിയിലേക്ക് പാര്‍ട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോള്‍ പേടിച്ചു സമരം നിര്‍ത്തി എന്ന അവസ്ഥയായി. പാര്‍ട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാന്‍ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ തുടര്‍ന്നും താനുണ്ടാവുമെന്നും മുരളീധരന് വ്യക്തമാക്കി.
Discussion about this post