കൊച്ചി: നിര്‍മ്മാണപിഴവ് മൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. പാലത്തിന്റെ മധ്യഭാഗത്തുള്ള ഡിവൈഡറാണ് ആദ്യം നീക്കം ചെയ്യുക. പാലത്തിനു മുകളിലെ ടാറിംഗ് ഇളക്കി മാറ്റുന്ന പണികള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടികള്‍ തുടങ്ങിയത്. ഡിവൈഡറുകളാണ് ആദ്യം മുറിച്ചു മാറ്റുക.
അതേസമയം പൊടി ശല്യം ഉണ്ടാകാതിരിക്കാന്‍ വെള്ളം സ്പ്രേ ചെയ്താണ് ഇവ മുറിക്കുന്നത്. റോഡിലേക്ക് അവശിഷ്ടങ്ങള്‍ വീഴാതിരിക്കാന്‍ ബാരിക്കേഡും സ്ഥാപിക്കും. ഡിഎംആര്‍സിയുടെ നിര്‍ദ്ദേശം അനസരിച്ചായിരിക്കും മുറിച്ചു മാറ്റുന്ന അവശിഷ്ടങ്ങള്‍ നീക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു വേണ്ടി പെരുമ്പാവൂരിലുള്ള കമ്പനിയാണ് പണികള്‍ നടത്തുന്നത്.
നാളെ മുതല്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് രണ്ടു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കും. സെപ്തംബര്‍ 28നാണ് പാലാരിവട്ടം പാലം പൊളിച്ചുമാറ്റുന്നതിനായുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ ജി കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. എട്ട് മാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചെലവ് കണക്കാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.
Discussion about this post