പറവൂര്‍: കുടുംബം പുലര്‍ത്താന്‍ സൈക്കിളില്‍ പപ്പടം വിറ്റ് ആറാം ക്ലാസ്സുകാരന്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ മനസിലാക്കിയാണ് സൈക്കിളുമെടുത്ത് പറവൂര്‍ കരിമ്പാടം സ്വദേശി അമീഷ് പപ്പടം വില്‍പ്പനയ്ക്കിറങ്ങിയത്. അമീഷിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
നേരിടേണ്ടി വന്ന പ്രതിസന്ധികളോട് തോറ്റുകൊടുക്കാന്‍ ഈ ആറാംക്ലാസ്സുകാരന് തയ്യാറായിരുന്നില്ല. കോവിഡ് കാലത്ത് പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തേണ്ട അവസ്ഥ വന്നപ്പോള്‍ അമീഷ് ധൈര്യത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
അച്ഛന് രോഗിയായി കിടപ്പായതോടെ അമ്മ ദിവസക്കൂലിക്ക് വീട്ടുപണി ചെയ്തുകിട്ടുന്ന തുശ്ചമായ വരുമാനം മാത്രമായി നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം. ദിവസം മുന്നൂറു രൂപ മാത്രം വരുമാനം ലഭിക്കുന്ന ജോലിയിലൂടെ കുടുംബത്തെ ശരിയായ രീതിയില്‍ പുലര്‍ത്താന്‍ കഴിയാതെ വന്നു അമ്മയ്ക്ക്.
അച്ഛന്റെ ചികിത്സയും വീട്ടു ചെലവും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചേച്ചി ഉള്‍പ്പെടെയുള്ള മക്കളുടെ പഠനച്ചെലവും പരസ്പരം കൂട്ടിമുട്ടിക്കാന്‍ അമ്മ പെടാപ്പാട് പെടുന്നത് കണ്ടാണ് അമീഷ് പപ്പടം വില്പനയ്ക്ക് ഇറങ്ങിയത്.
വീടിനടുത്തായി പപ്പട നിര്‍മാതാവായ ഒരു വ്യക്തി എത്തിച്ചുകൊടുക്കുന്ന പപ്പട പാക്കറ്റുകള്‍ വിവിധ സ്ഥലങ്ങളില്‍ സൈക്കിള്‍ ചവിട്ടി പോയി നല്‍കുകയാണ് അമേഷ്.
രാവിലെ 8 മണി മുതലാണ് അമീഷ് പപ്പട വില്പനയ്ക്ക് ഇറങ്ങുന്നത്. 500 രൂപയ്ക്ക് പപ്പടം വിറ്റാല്‍ 200 രൂപ അമീഷിന് കൂലിയായി ലഭിക്കും. ഈ തുകയ്ക്ക് വേണ്ടിയാണ് അമീഷ് മഴയും വെയിലും വക വയ്ക്കാതെ സൈക്കിള്‍ ചവിട്ടുന്നത്. വിഡിയോ കണ്ട് നിരവധിയാളുകള്‍ അമീഷിന് പിന്തുണയുമായി മുന്നോട്ട് വരുന്നുണ്ട്.
Discussion about this post