പത്തനംതിട്ട: വീട്ടിലെ ചികിത്സ വഴി കൊവിഡിനെ തോല്‍പ്പിച്ച് പത്തനംതിട്ടയിലെ മണ്ണാറക്കുളഞ്ഞി കുഴിയില്‍പീടികയിലെ 96കാരി ഏലിയാമ്മ മത്തായി. മകന് കൊവിഡ് ബാധിതനായപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഏലിയാമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രിയിലേക്ക് മാറേണ്ടതും ഉണ്ടായിരുന്നു. എന്നാല്‍ തനിക്കുള്ള മരുന്ന് വീട്ടില്‍ തന്നാല്‍ മതിയെന്നായിരുന്നു ഏലിയാമ്മയുടെ നിലപാട്.
കൊച്ചുമകനും ഭാര്യയും ഏലിയാമ്മയുടെ ശുശ്രൂഷ ഏറ്റെടുത്തു. ഇക്കാര്യം ജനറല്‍ ആശുപത്രിയിലും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാമെന്നും വിവരങ്ങള്‍ ഡോക്ടര്‍ക്ക് വാട്സാപ് ചെയ്യാമെന്നും കൊച്ചുമകന് ഉറപ്പു നല്കി. അടിയന്തര സാഹചര്യം വന്നാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാമെന്നും സമ്മതിച്ചു.
ഒടുവില്‍ ആരോഗ്യവകുപ്പ് അനുവാദം നല്കി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നു ദിവസവും ഫോണില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കി. കൃത്യമായ രോഗ വിവരങ്ങള്‍ ചെറുമകനും നല്കി. 10 ദിവസം കഴിഞ്ഞതോടെ ആന്റിജന്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ കൊവിഡ് നെഗറ്റീവാവുകയായിരുന്നു. ഇതോടൊപ്പം കുടുംബം മുഴുവന്‍ കൊവിഡ് മുക്തി നേടി.
Discussion about this post