തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’എന്നാണ് പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്.
noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് ആഷിഖ് അബു തന്റെ പ്രതികരണം പങ്കുവെച്ചത്. സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്‌നൌ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. ബാബരി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് ലക്നൗ കോടതി നിരീക്ഷിച്ചു.
പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ പ്രതികളായിട്ടുണ്ടായിരുന്നത്.