കൊച്ചി: ബാബ്‌റി മസ്ജിദ് കേസിൽ പ്രത്യേക സിബിഐ കോടതി നടത്തിയ വിധി പ്രസ്താവത്തിൽ അതൃപ്തി അറിയിച്ച് അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്. കേസിലെ ജീവിച്ചിരിക്കുന്ന 32 പ്രതികളേയും വെറുതെവിട്ട കോടതി നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഹരീഷ് വാസുദേവൻ വിമർശിക്കുന്നത്.
ഒരു കുറ്റകൃത്യം നടത്താനുള്ള രാജ്യമെങ്ങും പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകൾക്ക് മുൻപിൽ. ആര് ചെയ്തുവെന്നത് പകൽ പോലെ വ്യക്തവും. എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ്.-ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ബാബ്‌റി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവിൽ കേസിന്റെ മെറിറ്റിൽ 2019 ൽ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്. ഈ രാജ്യത്തെ ഏറ്റവും ഓർഗനൈസ്ഡ് ആയ ആ കുറ്റകൃത്യം നടന്നിട്ട് 28 വർഷം കഴിഞ്ഞപ്പോൾ മറ്റൊരു കോടതി ഇന്ന് പറയുന്നു, ആരും കുറ്റക്കാർ അല്ലെന്ന് !! പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് !!
ഒരു കുറ്റകൃത്യം നടത്താനുള്ള രാജ്യമെങ്ങും പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകൾക്ക് മുൻപിൽ. ആര് ചെയ്തുവെന്നത് പകൽ പോലെ വ്യക്തവും.
എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ്.
തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികൾക്ക് ഒഴിവുകഴിവ് പറയാം. പ്രോസിക്യൂഷന് മേൽ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കിൽ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താൻ ഉത്തരവിടാൻ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാൻ കഴിയാത്ത ആ അന്വേഷണ ഏജൻസിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നു.
ഈ രാജ്യത്തെ ജുഡീഷ്യറി കെട്ടിപ്പടുത്തിരിക്കുന്നത് കല്ലും മണ്ണും ഉപയോഗിച്ചു മാത്രമല്ല. നീതി ലഭ്യമാകും എന്ന ഇന്ത്യൻ ജനതയുടെ, ഇൻഡ്യൻ ഭരണഘടനയുടെ ദൃഢമായ വിശ്വാസത്തിന്മേലാണ് ആ മഹത്തായ സ്ഥാപനം നിലനിൽക്കുന്നത്.
ആ അചഞ്ചലമായ വിശ്വാസമാണ് ഇത്തരം വിധികളിലൂടെ ബഹുമാന്യ ജഡ്ജിമാർ തകർക്കുന്നത്. തകർത്ത് തരിപ്പണമാക്കുന്നത്. ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ ആണി അടിക്കുന്നതിൽ ഒരെണ്ണം ഇന്ന് ജുഡീഷ്യറി ചെയ്തു.
RIP.
Discussion about this post