കൊച്ചി: സിബിഐ കോടതിയുടെ ചരിത്ര വിധിക്ക് എതിരെ ട്രോളിലൂടെ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരിയും സോഷ്യൽമീഡിയയും. ബാബ്‌റി മസ്ജിദ് തകർക്കുന്നതിൽ ആസൂത്രണം നടന്നിട്ടില്ലെന്നും പള്ളി പൊളിച്ചത് ആൾക്കൂട്ടമാണെന്നും സിബിഐ പ്രത്യേക കോടതി ഇന്ന് വിധിച്ചതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിൽ വർത്തമാന കാലത്തെ ഇന്ത്യയുടെ അവസ്ഥയിൽ കോടതി വിധിയിൽ അത്ഭുതമില്ലെന്ന തരത്തിലുള്ള പോസ്റ്റുകൾ നിറയാൻ തുടങ്ങിയത് ഇതിനിടെയാണ് ശ്രദ്ധേയമായ പോസ്റ്റുമായി സന്ദീപാനന്ദഗിരി രംഗത്തെത്തിയത്.
സംഘപരിവാർ പ്രവർത്തകന്റെ വെടിയേറ്റ് വീണ ഗാന്ധിജിയുടെ അവസാന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘വാർദ്ധക്യസഹജമായ രോഗം മൂലം മരണം വരിച്ച മഹാത്മാ’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. സംവിധായകൻ ആഷിക്ക് അബുവും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘വിശ്വസിക്കുവിൻ ബാബ്‌റി മസ്ജിദ് ആരും തകർത്തതല്ല’ എന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
ഇന്ന് പതിനൊന്ന് മണിയോടെയാണ് ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറയാൻ ആരംഭിച്ചത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു കോടതി പരിസരവും മസ്ജിദും പ്രദേശവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും ഒഴികെ മറ്റാരെയും കോടതിയിൽ പ്രവേശിപ്പിച്ചിരുന്നില്ല.
പള്ളി തകർത്ത സംഭവത്തിൽ പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പ്രസ്താവിച്ച കോടതി പ്രതികളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മസ്ജിദ് തകർത്തത് സമൂഹ വിരുദ്ധരാണ്. ഇവരെ തടയാനാണ് ബിജെപി നേതാക്കൾ ശ്രമിച്ചതെന്നും കോടതി പറഞ്ഞു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
പള്ളി തകർത്തതിന്റെ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങിയ ബിജെപി നേതാക്കളായിരുന്നു പ്രതികൾ. 32ൽ 26 പേരും കോടതിയിൽ ഹാജരായിരുന്നു. മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി, ഉമാഭാരതി, കല്യാൺസിങ്, മഹന്ത് നിത് ഗോപാൽ ദാസ് തുടങ്ങി അഞ്ച് പേർ അനാരോഗ്യം മൂലം എത്താൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. മൊത്തം 48 പ്രതികളിൽ 16 പേർ വിചാരണക്കാലയളവിൽ മരിച്ചു.